KERALA
തിരുനക്കര മൈതാനം ജനസാഗരം 27 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.

കോട്ടയം: ജനഹൃദയങ്ങളുടെ സമാനതകളില്ലാത്ത സ്നേഹാദരങ്ങൾക്ക് നടുവിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിൽ. പൊതുദർശനത്തിനായി വിലാപയാത്ര അൽപ്പസമയത്തിനുള്ളിൽ തിരുനക്കര മൈതാനത്ത് എത്തും
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റ് പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്കാര ചടങ്ങിൽ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും. 150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ എത്തിയത്. അർദ്ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര പുലർച്ചെ രണ്ട് മണിയോടെ എത്തിയപ്പോൾ കുട്ടികളുൾപ്പെടെയുള്ളവരാണ് കാത്തുനിന്നത്.