Connect with us

Crime

യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു

Published

on

.

പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പു കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി  പൊലീസ് കസ്റ്റഡി അപേക്ഷ നാളെ നല്‍കും.

കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തത്.തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.  അഫ്‌സാനയുടെ മൊഴിയനുസരിച്ച് കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധിച്ചു.

മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായാണ് അഫ്‌സാന മറുപടി നല്‍കിയത്. നൗഷാദിന്റേതെന്നു സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ പറമ്പില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു വഴക്കിട്ടിരുന്ന നൗഷാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി.

നിരന്തരം മൊഴി മാറ്റുന്ന പശ്ചാത്തലത്തില്‍ അഫ്‌സാന മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇവര്‍ അഭിനയിക്കുകയാണോ എന്ന സംശയവും പൊലീസിന് ഉണ്ട്.”

Continue Reading