Connect with us

Crime

ഷംസീറിന്റെ പരാമർശം ചങ്കിൽ തറച്ചു.തനിക്ക് അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നതിൽ മാറ്റമില്ല

Published

on

കോട്ടയം:സ്പീക്കർ എ ൻ ഷംസീറിന്റെ പരാമർശം ചങ്കിൽ തറച്ചിരിക്കുകയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നാമ ജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും നിയമസഭയിൽ സ്‌പീക്കർ സ്ഥാനത്തിരിക്കുന്നതുമായ ഒരാൾ ചെയ്തത് ഈശ്വരനെ അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണെന്നും സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടൊരാൾ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്രയും നിന്ദവും നീചവുമായി നാം ആരാധിക്കുന്ന ദൈവത്തെ അപമാനിക്കാൻ ശ്രമിച്ചാൽ അതിന് വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ അവർ നേരിടേണ്ടി വരും എന്നതിന്റെ തുടക്കമാണിത്. ബി ജെ പി, ആർ എസ് എസ് തുടങ്ങി എല്ലാ ഹൈന്ദവ സംഘടനകളും സ്‌പീക്കറുടെ പരാമർശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എൻ എസ് എസും യോജിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.ശബരിമല വിഷയത്തിലും അതിന്റെ വിജയത്തിലെത്തിക്കാൻ മുന്നിൽ നിന്നവരാണ് എൻ എസ് എസ്. അതുപോലെ ഈ വിഷയത്തിലും മുന്നിൽ നിന്ന് പ്രതിഷേധിക്കും. സ്‌പീക്കർ രാജി വയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. ജനപ്രതിനിധികളുടെ ജനപ്രതിനിധി ഇത്രയും മോശമായി സംസാരിച്ചതിനാൽ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് പറഞ്ഞത്. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. അങ്ങനെ ചെയ്യാത്ത പക്ഷം സർക്കാർ ഹൈന്ദ ജനതയുടെ വികാരത്തെ മാനിച്ചുകൊണ്ട് മേൽ നടപടി സ്വീകരിക്കണം. തനിക്ക് അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നതിൽ മാറ്റമില്ല. മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്. ശാസ്‌ത്രം ഗണപതിയുടെമേൽ മാത്രം അടിച്ചേൽപ്പിക്കേണ്ടതില്ല. എ കെ ബാലന് മറുപടി നൽകേണ്ടതില്ല’- എൻ എസ് എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.സ്‌പീക്കറുടെ പരാമർശത്തിനെതിരായ പരാമർശത്തിന്റെ ഭാഗമായി ഇന്ന് വിശ്വാസ സംരക്ഷണ ദിനമായും എൻ എസ് എസ് ആചരിക്കുകയാണ്. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നാമജപഘോഷയാത്ര നടത്തുന്നത്.ഗണപതി എന്നത് മിത്താണെന്നും ശാസ്ത്രീയമായ ഒന്നല്ലെന്നുമുള്ള ഷംസീറിന്റെ പരാമർശം വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആ‍ർക്കും യോജിച്ചതല്ലെന്നും സുകുമാരൻ നായർ നേരത്തെ പറഞ്ഞിരുന്നു.

Continue Reading