Connect with us

Crime

ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റ്.സ്പീക്കര്‍  പ്രസ്താവന തിരുത്തണം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും സതീശന്‍ പറഞ്ഞു.

ഒരു ശാസ്ത്രബോധവും ഒരു മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തതാണ്. പരസ്പരബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. ആയുധം കൊടുത്ത പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്.  ബിജെപി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സിപിഎം കുറച്ച് കൂടി ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവരും അത് ആളിക്കത്തിക്കാന്‍ ശ്രമിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് സിപിഎം നടത്തിയത്. ബിജെപിയും സിപിഎമ്മും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സ്പീക്കര്‍ ആ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ കുറെക്കൂടി ജാഗ്രതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. അത് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായില്ല. മറ്റുള്ളവരുടെ വിശ്വസത്തിന് മുറിവേല്‍ക്കുന്നതായിപ്പോയി അദ്ദേഹത്തിന്റെ പ്രസ്താവന.
സ്പീക്കറും സിപിഎമ്മും ഈ വിഷയം വെള്ളം ഒഴിച്ച് അണയ്ക്കാനാണ് ശ്രമിക്കേണ്ടത്. എവിടെനിന്നാണോ ആ പ്രസ്താവന വന്നത് അവിടെ നിന്നാണ് അത് ഉണ്ടാവേണ്ടത്. സിപിഎം അതിനാവശ്യമായ ഉത്തരവാദിത്വത്തോടെയുള്ള നിലപാട് എടുക്കണമെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രസംഗിക്കുന്നത്. കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ മോര്‍ച്ചറിയിലാക്കുമെന്ന് പറഞ്ഞ് നേതാക്കള്‍ ആളിക്കത്തിച്ചു. ഗണപതി വിഷയത്തില്‍ അഭിപ്രായം പറയാത്തതില്‍ ഞങ്ങളെ വേണമെങ്കില്‍ കുറ്റപ്പെടുത്താം. മനഃപൂര്‍വമാണ് അഭിപ്രായം പറയാതിരുന്നതെന്നും സതീശന്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് എന്നും കോണ്‍ഗ്രസ്. വിശ്വാസത്തിലേക്കും ആചാരക്രമങ്ങളിലേക്കും വ്യക്തിനിയമങ്ങളിലേക്കോ സര്‍ക്കാരോ ജ്യൂഡീഷ്യറിയോ പോലും കടന്നുവരരുത്. അതിനെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നും സതീശന്‍ പറഞ്ഞു.

സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴടങ്ങാത്ത സംഘടനയാണ് എന്‍എസ്എസ്. പണം കൊടുത്ത് സ്വാധിനിക്കാനോ കേസ് എടുത്ത് ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞോ എന്‍എസ്എസിനെ സ്വാധീനിക്കാന്‍ പറ്റില്ലെന്നും സതീശന്‍ പറഞ്ഞു. ഈ വിഷയം ഇന്നുകൊണ്ട് അവസാനിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും സതീശന്‍ പറഞ്ഞു.

Continue Reading