NATIONAL
ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ-3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ദൗത്യവും വിജയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
പേടകം ഇപ്പോൾ ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് ഐഎസ്ആർ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമായിക്കാണുന്ന 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യമാണിത്.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാന്‍ മൂന്ന്, ഭൂമിയെ ഭ്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്