NATIONAL
ദേശീയപതാക ഉയർത്തുന്ന ചടങ്ങിൽ ഇത്തവണ പങ്കെടുക്കുക 1800 വിശിഷ്‌ട അതിഥികൾ രാവിലെ 7.30നാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുക

ന്യൂഡൽഹി: രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 77ാം വാർഷികം ആഘോഷിക്കുകയാണ് . സ്വാതന്ത്ര്യദിനത്തിലെ സുപ്രധാന പരിപാടിയായ ഡൽഹി ചെങ്കോട്ടയിലെ ദേശീയപതാക ഉയർത്തുന്ന ചടങ്ങിൽ ഇത്തവണ പങ്കെടുക്കുക 1800 വിശിഷ്‌ട അതിഥികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുമ്പോൾ ദൃക്‌സാക്ഷികളാകുന്ന ഈ അതിഥികളിൽ സാധാരണക്കാർ മുതൽ പ്രൊഫഷണലുകൾ വരെയുണ്ട്.
ജനപങ്കാളിത്തം അനുസരിച്ചാണ് ഈ 1800 അതിഥികളെ ക്ഷണിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. 660 ഊർജസ്വലമായ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 400 ഗ്രാമ മുഖ്യന്മാരും പ്രധാനമന്ത്രി കിസാൻ യോജനയുടെ ഭാഗമായ 250 കർഷകരും ഇതിനൊപ്പമുണ്ട്. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഭാഗമായ അൻപത് പേർ, സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായ 50 ജോലിക്കാർ, അൻപത് ഖാദി തൊഴിലാളികൾ, അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ പെടുന്നു.ഇവരെക്കൂടാതെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരടക്കം രാജ്യം 77ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്നതിന് ദൃക്‌സാക്ഷികളാകും. രാജ്യതലസ്ഥാനത്തെ നാഷണൽ വാർ മെമ്മോറിയലും ഇവർ സന്ദർശിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് ദേശീയ തലസ്ഥാനമാകെ ത്രിവർണ നിറങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. രാവിലെ 7.30നാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുക