Connect with us

KERALA

ജെയ്ക് വിശ്വാസിയല്ല. വിവാഹം നടന്നത് പള്ളയില്‍വെച്ചല്ല തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്

Published

on

കോട്ടയം: ഓര്‍ത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് മെത്രാപ്പോലീത്ത പുതുപള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇരുസ്ഥാനാര്‍ഥികളേയും കുറിച്ച് നടത്തിയ പ്രസ്താവനയില്‍ സഭയില്‍ അഭിപ്രായ ഭിന്നത. യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും സഭയുടെ മക്കളാണെന്ന പ്രസ്താവനയാണ് വിവാദമാവുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി അല്‍മായര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
‘ചാണ്ടി ഉമ്മന്‍ ഓര്‍ത്തഡോക്സ് പക്ഷത്തെ ആളാണ്. ജെയ്ക് അപ്പുറത്തെ പക്ഷത്തെ ആളാണ്. ഞങ്ങളെ സംബന്ധിച്ച് ചാണ്ടിയും ജെയ്കും മലങ്കര സഭയുടെ അംഗങ്ങളാണ്. പ്രത്യയശാസ്ത്രപ്രകാരം ജെയ്ക് അംഗമാണോയെന്ന് അദ്ദേഹമാണ് പറയേണ്ടത്. വേറൊരു പ്രത്യയശാസ്ത്രത്തില്‍ പോകുന്നൊരാളാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ യാക്കോബായ, ഓര്‍ത്തഡോക്സ് എന്നുള്ളതല്ല, മലങ്കര സഭ എന്നൊന്നേയുള്ളൂ എന്ന് കോടതി പറഞ്ഞിരിക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുകയുള്ളൂ’, എന്നായിരുന്നു കോട്ടയം ഭദ്രാസനാധിപന്റെ പ്രതികരണം.
കോട്ടയം ഭദ്രാസനാധിപന്റെ പരാമര്‍ശത്തിനെതിരെ സഭാ മുന്‍ വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍ രംഗത്തെത്തി. ജെയ്ക്കിന് ഒരു പള്ളിയിലും അംഗത്വമില്ല. ജെയ്ക് വിശ്വാസിയല്ല. വിവാഹം പള്ളയില്‍വെച്ചായിരുന്നില്ല നടത്തിയത്. തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫാ. എം.ഒ. ജോണ്‍ സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചു.
ഭദ്രാസനാധിപന്റെ പ്രതികരണത്തിനെതിരേ ജെയ്കിന്റെ വിവാഹ ചടങ്ങുകളടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. ‘കല്യാണത്തിന് പ്രധാന പരികര്‍മ്മി പിണറായി വിജയന്‍. നടന്നത് ഓഡിറ്റോറിയത്തില്‍ വെച്ച്. ഒരുഹാരം അങ്ങോട്ടിട്ടും മറ്റൊരു ഹാരം ഇങ്ങോട്ടിട്ടും. അന്നും മണര്‍കാട് പള്ളി ഉണ്ടായിരുന്നു. ജെയ്ക് യാക്കോബായക്കാരന്‍ ആയിരുന്നെങ്കില്‍, മണര്‍കാട് പള്ളി ഇടവകക്കാരന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് പള്ളിയില്‍ വെച്ച് കല്യാണം നടത്തിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ജെയ്ക്കിന് സ്വന്തം ഇടവക മണര്‍കാട് ആണെന്നും യാക്കോബായ സഭ അംഗമാണെന്നുമൊക്കെയുള്ള ഓര്‍മ വരുന്നത്’, എന്നായിരുന്നു വിമര്‍ശനങ്ങളിലൊന്ന്.
അല്‍മായരും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസിനെതിരെ രംഗത്തെത്തി. തിരുമേനി പറഞ്ഞത് തെറ്റാണ്. സഭ വിട്ടുപോയ പുരോഹിതരേയും വിഭാഗങ്ങളേയും സഭയുടെ മക്കളെന്ന് പറയാനാകുമോയെന്നും അല്‍മായര്‍ ചോദ്യം ഉന്നയിച്ചു. ‘ജെയ്ക് മലങ്കര സഭയിലെ അംഗമായിരുന്നു. പക്ഷേ ഇപ്പോള്‍ നിരീശ്വരവാദിയാണ്. അങ്ങനെയൊരു പ്രസ്ഥാനത്തിലെ ആളാണ്. അപ്പോള്‍ അവന്‍ സഭയിലെ അംഗമെന്ന് പറയുന്നത് തിരുമേനിക്ക് തെറ്റുപറ്റിപ്പോയതായിരിക്കും. തിരുമേനി ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയേ വേണ്ടായിരുന്നു. രണ്ടുപേരും സഭയിലെ അംഗമാണെന്ന് പറഞ്ഞത് ശരിയല്ല. ഞങ്ങളുടെ സഭയില്‍ അഭിപ്രായം പറയുന്നതില്‍ കുഴപ്പമില്ലല്ലോ. തിരുമേനി പറയുന്നതും ചിലപ്പോള്‍ വിമര്‍ശിച്ചെന്നുവരും’, ഫിലിപ്പോസ് വര്‍ഗീസ് പുതുപള്ളി പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ ഇടങ്ങളില്‍ കോട്ടയം ഭദ്രാസനാധിപന്റെ പരാമര്‍ശത്തിനെതിരേയും ജെയ്കിന്റെ വിശ്വാസത്തെ ചോദ്യംചെയ്തും നിരവധി പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്”

Continue Reading