Connect with us

Crime

എ.സി. മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്‌.തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണം

Published

on

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്‌. വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ്‌ നോട്ടീസിൽ നിർദേശം.

ഇന്ന് ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിരുന്നെങ്കിലും മൊയ്തീന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ അദ്ദേഹത്തോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടർച്ചയായ അ‌വധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും, ഇവ ലഭിച്ച ശേഷം മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും ഇ മെയിൽ വഴി മൊയ്തീൻ ഇ.ഡി.യെ അറിയിക്കുകയായിരുന്നു.

ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇതിനു മറുപടിയായാണ് എ.സി. മൊയ്തീൻ സമയം നീട്ടി ചോദിച്ചത്.

ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അ‌നധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ്  കണക്കുകൾ വ്യക്തമാക്കുന്നു. അ‌ന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നും പരാതി ഉയർന്നിരുന്നു.

Continue Reading