International
ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കില്ല.

“
ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മെെതാനിയിലെ ഭാരത് മണ്ഡപത്തിൽ ലോക നേതാക്കൾ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവരെ സ്വീകരിച്ചത്. ഉദ്ഘാടത്തിന് ശേഷം ‘ഒരു ഭൂമി’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
ഒഡിഷയിലെ പുരിയിലുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാർക്ക് ചക്രത്തിന്റെ മാതൃകയ്ക്ക് മുന്നിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ ഹസ്തദാനം നൽകി വരവേൽക്കുന്നത്. ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കില്ല. കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും എത്തില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ അടക്കം 40 ഓളം പ്രമുഖർ പങ്കെടുക്കും. വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചർച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. ആദ്യ സെഷൻ ‘ഒരു ഭൂമി’ ഇന്നു രാവിലെ 9ന്. ഉച്ചയ്‌ക്ക് ശേഷം ‘ഒരു കുടുംബം’ രണ്ടാം സെഷൻ. സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കൾ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈ നടും.