Crime
കരുവന്നൂര്‍ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനെതിരെ ഗുരുതര ആരോപണവുമായി അനില്‍ അക്കര.

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനെതിരെ ഗുരുതര ആരോപണവുമായി വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കര. കേസിലെ ഒന്നാം പ്രതി തൃശ്ശൂര്‍ കോലഴി സ്വദേശി പി.സതീഷ് കുമാര്‍ പി.കെ. ബിജുവിന്റെ മെന്ററാണെന്ന് അനില്‍ അക്കര ആരോപിച്ചു. സതീഷിനെതിരായ ആരോപണം അന്വേഷിക്കാന്‍ പി.കെ. ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും അനിൽ അക്കര പറഞ്ഞു.
‘കേസിൽ നേരത്തെ അറസ്റ്റിലായപ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി. കോടതിയില്‍ സൂചന നൽകിയ മുന്‍ എം.പി. ആലത്തൂരില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗം പി.കെ. ബിജുവാണ്. 2009-ല്‍ ജയിച്ചശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ എം.പി. ഓഫീസ് അടക്കം പ്രവര്‍ത്തിച്ചത്. 2014-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം വടക്കഞ്ചേരിയില്‍നിന്ന് മാറി തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കോട്ടാര സദൃശ്യമായ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി. വീടിന്റെ എല്ലാ ഉത്തരവാദിത്തവും ചുമതലയും വഹിച്ചത് കേസില്‍ അറസ്റ്റിലാവാന്‍ പോകുന്ന, പ്രദേശത്തെ ഇപ്പോഴുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പി.ആര്‍. അരവിന്ദാക്ഷനാണെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായി ഒരു എം.എല്‍.എയ്ക്കും മുന്‍ എം.പിക്കും അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധമുള്ള പ്രതി 500 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയതെന്നും കോടതിയില്‍ ഇ.ഡി. അറിയിച്ചിരുന്നു.