Connect with us

NATIONAL

ഹരിതവിപ്ലവത്തിന്‍റെ പിതാവ് എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

Published

on

ചെന്നൈ: കൃഷി ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം.

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ആസൂത്രണകമ്മീഷന്‍ അംഗമായി പ്രവർത്തിച്ച അദ്ദേഹം യുഎന്‍ ശാസ്ത്രോപദേശകസമിതി അധ്യക്ഷനായിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്‌ടറേറ്റുകൾ, മാഗ്‌സസെ ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര പുവസ്കാരങ്ങൾ സ്വന്തമാക്കി.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിൽ 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളാണ് അദ്ദേഹമെന്ന് ടൈംസ് മാ​ഗസിൻ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽ നിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.

ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുത്ത് അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. ഇതാണ് അദ്ദേഹത്തെ പിന്നീട് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവാക്കി മാറ്റിയത്.

Continue Reading