KERALA
950 പുത്തൻ ഇ ബസുകൾ വാടകയ്ക്ക് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ സ്വീകരിക്കാൻ കേരളത്തിന് മടി.ബി.ജെ.പി മുതലെടുക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ബസുകളുമായി നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് 950 പുത്തൻ ഇ ബസുകൾ വാടകയ്ക്ക് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ സ്വീകരിക്കാൻ ഭയം. വാടകയിൽ 40.7 ശതമാനവും കേന്ദ്രം വഹിക്കും. ബാക്കി വാടകയും കണ്ടക്ടറുടെ ചെലവും മാത്രമാണ് കെ.എസ്.ആർ.ടി.സി വഹിക്കേണ്ടത്. വരുമാനം കെ.എസ്.ആർ.ടി.സിക്ക് സ്വന്തം. ഏപ്രിലിൽ അറിയിപ്പ് ലഭിച്ചിട്ടും ഇതുവരെ കേരളം സമ്മതം അറിയിച്ചിട്ടില്ല. പല സംസ്ഥാനങ്ങളും താത്പര്യം അറിയിച്ച് രംഗത്തെത്തി.പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് ബസ് ലഭ്യമാകുക.
വന്ദേഭാരത് ട്രെയിനുകൾ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുത്തതുപോലെ ഇ-ബസുകളും അവരുടെ നേട്ടമായി മാറ്റുമെന്ന് സംസ്ഥാന സർക്കാർ സംശയിക്കുന്നു. പ്രത്യേകിച്ചും ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ. ആ സാഹചര്യം ഒഴിവാക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്ന് ആരോപണം ഉയർന്നു.
തൃശൂരിന് 100 ബസ് കേന്ദ്രം അനുവദിച്ചുവെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നുമുണ്ട്.ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്ന സംരംഭമാണ് ‘പ്രധാനമന്ത്രി ഇ -ബസ് സേവ’. 57,613 കോടി രൂപ ചെലവഴിക്കും. 169 നഗരങ്ങളിലാണ് ബസുകൾ വിന്യസിക്കുക. ഗ്രീൻ അർബൻ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴിൽ 181 നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും. കേരളത്തിൽ നാലായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും.
കെ.എസ്.ആർ.ടി.സിയുടെ 1800 സൂപ്പർ ക്ലാസ് ബസുകളിൽ 1641 എണ്ണവും കാലാവധി കഴിഞ്ഞതാണ്. കാലയളവ് നീട്ടിനൽകിയാണ് ഓടുന്നത്.ബസുകൾ നഗരങ്ങൾക്ക്കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ബസുകൾ ആദ്യഘട്ടമായി ലഭിക്കും.
. ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാവുന്ന ബസുകളാണ് ലഭിക്കുന്നത്. കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി കേരളം വഹിക്കണം. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് തുടങ്ങിയ ചെലവുകളും അവർ വഹിക്കും. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ടതു മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ ചുമതല. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം.
രണ്ടു വർഷത്തിനുളളിൽ രണ്ടായിരത്തോളം പേർ കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിക്കും. ഇ ബസുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനാകും. ഡീസൽ ചെലവിനത്തിൽ പ്രതിമാസം 25 കോടി ലാഭിക്കാം.ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 181 കോടി രൂപയുടെ വായ്പ കിഫ്ബി അനുവദിച്ചെങ്കിലും പണം ലഭ്യമായില്ല. സർക്കാർ 75 കോടി നൽകാമെന്ന് അറിയിച്ചുവെങ്കിലും അതും ലഭ്യമായിട്ടില്ല. എന്നിട്ടും മുതൽ മുടക്കില്ലാതെ കേന്ദ്രം നൽകാമെന്ന് പറഞ്ഞ 950 ബസുകൾ സ്വീകരിക്കാൻ കേരളം മടിച്ചു നിൽക്കുകയാണ്.