KERALA
ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നു

ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നു
മലപ്പുറം: മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ഇന്ന് വെെകുന്നേരം പാണക്കാടെത്തുമെന്നാണ് വിവരം
പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവിക കാര്യം മാത്രമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാഹോദര്യബന്ധം കൂടുതല്‍ സുദൃഢമായിരിക്കുന്ന കാലത്താണ് ഈ സൗഹൃദ സന്ദര്‍ശനം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്’.- അദ്ദേഹം പറഞ്ഞുയു ഡി എഫ് ഏറ്റവും സുശക്തമായ ജില്ല കൂടിയാണ് മലപ്പുറം. സി പി എമ്മിന് കൃത്യമായ മറുപടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിന്റെ കാരണത്തോട് ലീഗിനും കോണ്‍ഗ്രസിനും വിരോധമില്ല. പാലസ്തീന്‍ വിഷയത്തില്‍ മഹാത്മഗാന്ധിയും ഇന്ദിരാഗന്ധിയും സ്വീകരിച്ച നിലപാട് തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അത്രയും വലിയ പരിപാടി നടത്താന്‍ ലോകത്ത് ആര്‍ക്കും സാധിച്ചിട്ടില്ല. ഓരോ പാര്‍ട്ടികളും അവരുടെ രീതിയിലാണ് പരിപാടികള്‍ നടത്തുന്നത്. ഏക സിവില്‍ കോഡില്‍ സി പി എം നടത്തിയതിനേക്കാള്‍ വലിയ സെമിനാര്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലസ്തീന്‍ വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയമാക്കി യു ഡി എഫില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയതെന്നും സതീശൻ കുറ്റപ്പെടുത്തി.