Crime
ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. നിയമനത്തിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. മേൽശാന്തി തിരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. എന്നാൽ ഒബ്സർവർമാരുടെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം, ശ്രീകോവിലിനു മുന്നിൽ നടന്ന നറുക്കെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നേരത്തെ പരിശോധിച്ചു. കുട്ടി നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലാണെന്നും ഇത് നറുക്കിട്ട കുടം കുലുക്കിയപ്പോൾ സംഭവിച്ചതാകാമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടെങ്കിലും ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് അറിയിക്കുകയാണ് ചെയ്തത്. നറുക്കെടുപ്പ് നടക്കുന്നതിന്റെ മുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ദേവസ്വം ബോർഡ് ഹാജരാക്കിയത്.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജി നൽകിയിരുന്നത്..