Crime
ചോദ്യം ചെയ്യലിന് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും സ്റ്റേഷന് മുന്നിൽ

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് നടക്കാവ് പൊലീസിന്റെ നോട്ടീസ് പ്രകാരമാണ് മുൻ എം പി കൂടിയായ നടൻ സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപി എത്തുന്നതിന് മുൻപ് തന്നെ നിരവധി ബി ജെ പി പ്രവർത്തകരാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. പോസ്റ്ററുകളും പിടിച്ചെത്തിയ പ്രവർത്തകർ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവരും പദയാത്രയിൽ പങ്കെടുത്തിരുന്നു
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പൊലീസ് ശേഖരിച്ചു.