Crime
റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് പിടിച്ചെടുക്കാനെത്തിയത്

പത്തനംതിട്ട: റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പോര് പുതിയ തലത്തിലേക്ക്. ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം.
തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് പിടിച്ചെടുക്കാനെത്തിയത്. കസ്റ്റഡിയിലെടുത്ത ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് എംവിഡി പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാനും നടപടിയുണ്ടാകും. കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗ്ഗര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് എംവിഡിയുടെ തീരുമാനം.
അതേസമയം എംവിഡിയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് റോബിന്‍ ബസ് നടത്തിപ്പുകാര്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് ഉദ്യോഗസ്ഥരാണ് ലംഘിച്ചതെന്നും ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബസ് പെര്‍മിറ്റ് ലംഘിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തിയെന്നാരോപിച്ച് പിഴ ഈടാക്കിയിരുന്നു. 7500 രൂപ അടച്ച ശേഷം ബസ് സര്‍വീസ് പുനരാരംഭിച്ചിരുന്നു.
നേരത്തെ റോബിന്‍ ബസ് തമിഴ്‌നാട് എംവിഡിയും പിടിച്ചെടുത്തിരുന്നു. പത്തനംതിട്ടയില്‍ കോയമ്പത്തൂരേക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്.
പിന്നാലെ ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേക്ക് മാറ്റിയിട്ടു. യാത്രക്കാർ ഉൾപ്പെടെ ബസിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചെങ്കിലും ഒടുവിൽ എംവിഡിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പിഴയീടാക്കിയ ശേഷം അടുത്ത ദിവസമാണ് ബസ് തിരിച്ചുനൽകിയത്.
തമിഴ്‌നാട് എംവിഡിയുടെ നടപടിക്കെതിരെ ബസ് ഉടമ റോബിന്‍ ഗിരീഷ് രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാര്‍ തമിഴ്നാടിനെ കൂട്ടുപിടിച്ച് വേട്ടയാടുകയാണെന്നായിരുന്നു വിമര്‍ശനം. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസ് തടഞ്ഞ് എംവിഡി പരിശോധന നടത്തിയിരുന്നു.
പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. കേരളത്തിലും തമിഴ്‌നാട്ടിലുമായി മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ബസിന് ഒരു ലക്ഷത്തിലധികം രൂപ പിഴയിട്ടിരുന്നു. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് പിഴയീടാക്കി വിട്ടയച്ചത്.