Crime
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവത്തിൽ മൂന്നുപേർ തിരുവനന്തപുരത്തു കസ്റ്റഡിയിൽ

.
കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ തിരുവനന്തപുരം ശ്രീകാര്യം പോലീസിന്‍റെ കസ്റ്റഡിയിൽ. ശ്രീകാര്യത്തുനിന്ന് ഒരാളെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമയേയും മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഡോ പോലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് 9 ലക്ഷം രൂപയും കണ്ടെത്തി.
തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള ആളാണോ ശ്രീകാര്യത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്റർ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാർ വാഷിങ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തുകയാണ്. പണമടങ്ങിയ ബാഗ്, രേഖകൾ അടക്കം അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.
പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ തിരുവല്ലത്ത് പോലീസ് പരിശോധന നടത്തുകയാണ്.