Crime
ഗവർണറെ നഗരത്തിൽ മൂന്നിടത്ത് എസ്.എഫ്.ഐക്കാർ തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച.ഇന്റലിജൻസിലെ ഒരു സി.ഐയും എസ്.ഐയുമാണ് എസ്.എഫ്.ഐക്കാർക്ക് യാത്രാവിവരം ചോർത്തി നൽകിയത്

തിരുവനന്തപുരം: അഞ്ച് അസി.കമ്മിഷണർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നോക്കിനിൽക്കെ ക്രമസമാധാന ലംഘനത്തിന് ഇടയാക്കുംവിധം ഗവർണറെ നഗരത്തിൽ മൂന്നിടത്ത് എസ്.എഫ്.ഐക്കാർ തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ചയായി. ഗവർണറുടെ കാർ തടയുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ ഗവർണറുടെ വിമാനത്താവളത്തിലേക്കുള്ള യാത്രാവിവരങ്ങൾ വയർലെസിലൂടെ അറിയിക്കാതെ ഉന്നത ഉദ്യോഗസ്ഥർ ഫോണിലൂടെയാണ് കൈമാറിയത്. യാത്രാവിവരം ചോർന്നതും ഗുരുതര വീഴ്ചയാണ്.ഇന്റലിജൻസിലെ ഒരു സി.ഐയും എസ്.ഐയുമാണ് എസ്.എഫ്.ഐക്കാർക്ക് യാത്രാവിവരം ചോർത്തി നൽകിയതെന്നാണ് അറിയുന്നത്. പൊലീസ് സംഘടനയുടെ ഭാരവാഹിയാണ് ഇതിലൊരാൾ. മറ്റേയാൾ അടുത്തകാലംവരെ നഗരത്തിലെ സ്റ്റേഷനിലെ എസ്.ഐയായിരുന്നു. ഇക്കാര്യം ഇന്റലിജൻസും പൊലീസും അന്വേഷിക്കുന്നുണ്ട്.
ഗവർണർക്കെതിരെ കഴിഞ്ഞദിവസം വഴുതക്കാടുവച്ച് കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ യാത്രാവിവരം വയർലെസിലൂടെ പറയരുതെന്ന് ഉന്നതഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. അസി.കമ്മിഷണർമാരായ അനുരൂപ്, ഷീൻ തറയിൽ, നിയാസ്, അജിത്കുമാർ, സ്റ്റുവർട്ട് കീലർ എന്നിവർക്കായിരുന്നു ഗവർണറുടെ സുരക്ഷച്ചുമതല. രണ്ട് എ.സി.പിമാർ ഗവർണറുടെ വാഹന വ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. പേട്ടയിൽ മൂന്ന് എ.സി.പിമാർ പ്രതിഷേധക്കാരെ തടയാനുമുണ്ടായിരുന്നു. ഇത്തരത്തിൽ വൻ പൊലീസ് സന്നാഹമുണ്ടായിരിക്കെയാണ് എസ്.എഫ്.ഐക്കാർ പേട്ടയിൽ ഗവർണറുടെ കാറിനു മുന്നിലേക്ക് ചാടിവീണത്. ഗവർണർ കാറിൽ നിന്നിറങ്ങിയപ്പോഴും സമരക്കാരെ നീക്കം ചെയ്യാൻ പൊലീസിന് സമയമേറെയെടുത്തു. പാളയത്താണ് ഗവർണർക്കുനേരെ ആദ്യ പ്രതിഷേധമുണ്ടായത്. ജനറൽ ആശുപത്രിക്കടത്തും പേട്ടയിലും ആവർത്തിച്ചു. പേട്ട സ്റ്രേഷന് തൊട്ടടുത്തുണ്ടായ സംഭവം പൊലീസിന് നാണക്കേടുമായി.
വിമാനത്താവളത്തിലേക്കുള്ള പാതയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇടറോഡിൽ നിന്ന് വാഹനങ്ങൾ എയർപോർട്ട് റോഡിലേക്ക് ഇറങ്ങാതിരിക്കാനും പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നിട്ടും എസ്.എഫ്.ഐക്കാരെ തടയുന്നതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അസാധാരണ സംഭവം മൂന്നര കിലോമീറ്ററിനിടെ മൂന്നാമതും എസ്.എഫ്.ഐക്കാർ തടഞ്ഞതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. മൂന്നാമത് പേട്ടയിൽ തടഞ്ഞതോടെ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി രൂക്ഷമായി പ്രതികരിച്ചു. സമരക്കാരുടെ അടുത്തുചെന്ന് ഗവർണർ ആക്രോശിച്ചത് ഇന്ത്യയിൽ അസാധാരണ സംഭവമാണ്. കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സർക്കാരിന്റെ പാനൽ നിരസിച്ച് സ്വന്തം നിലയിൽ അംഗങ്ങളെ നിയോഗിച്ചതാണ് ഗവർണർക്കെതിരായ എസ്.എഫ്.ഐ പ്രകോപനത്തിന്റെ കാരണം.
ഗവർണറുടെ നാമനിർദ്ദേശത്തോടെ കേരളയിൽ രണ്ടും കാലിക്കറ്റിൽ ഒന്നും സിൻഡിക്കേറ്റംഗങ്ങളെ ജയിപ്പിച്ചെടുക്കാൻ ബി.ജെ.പിക്ക് കഴിയുന്ന സ്ഥിതിയായി. രണ്ടിടത്തും ഇതുവരെ ബി.ജെ.പിക്ക് സിൻഡിക്കേറ്റംഗങ്ങളുണ്ടായിട്ടില്ല. കാലിക്കറ്റ് സെനറ്റിലേക്ക് ഗവർണറുടെ പ്രതിനിധികളായി നാമനിർദ്ദേശം ചെയ്യാൻ വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ ശുപാർശകളിൽ രണ്ടു വിദ്യാർത്ഥി പ്രതിനിധികളെ മാത്രമാണ് ഗവർണർ അംഗീകരിച്ചത്. ഗവർണർ സ്വന്തം നിലയിൽ 18 സെനറ്റംഗങ്ങളെ നാമനിർദ്ദേശം ചെയ്തതോടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ ഇടത് പ്രാതിനിധ്യം കുറയുന്ന സ്ഥിതിയായി. കേരള സർവകലാശാലാ സെനറ്റിലേക്ക് സർക്കാർ നൽകിയ പാനൽ ഗവർണർ അപ്പാടെ തള്ളിക്കളയുകയായിരുന്നു. കേരള, കാലിക്കറ്ര് സെനറ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് ആറു മാസമായെങ്കിലും ഗവർണറുടെ നാമനിർദ്ദേശം വൈകിയതുമൂലം സിൻഡിക്കേറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.ഗവർണറെ തടഞ്ഞാൽ 7 വർഷംവരെ തടവ് സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറെ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ഐ.പി.സി- 124 പ്രകാരം ഗുരുതര ക്രിമിനൽ കുറ്റമാണ്. ഏഴു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. രാഷ്ട്രപതി, ഗവർണർ എന്നിവരെ തടയാനോ ഉപദ്രവിക്കാനോ ആക്രമിക്കാനോ ശ്രമിക്കുന്നവർക്കെതിരെയാണ് ഈ വകുപ്പ് ചുമത്തുക. കണ്ണൂർ വാഴ്സിറ്റിയിൽ ഗവർണർക്കെതിരെ കൈയേറ്റമുണ്ടായപ്പോൾ ഈ വകുപ്പനുസരിച്ച് കേസെടുക്കാവുന്നതാണെന്ന് ഗവർണർ പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.പി.സി 124 വകുപ്പും നിലനിൽക്കില്ലെന്ന് പൊലീസ് തീരുമാനിച്ചത്.