Crime
ലോക്സഭയിൽ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തി

ന്യൂഡൽഹി: ലോക്സഭയിൽ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയവർക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് പേർ ചേർന്നാണ് പ്രതിഷേധത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയതെന്നും നാല് പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നും ഡൽഹി പൊലീസ് അറിയിച്ചു. യുഎപിഎ കൂടാതെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝാ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്
.ഇന്നലെ ഉച്ചയ്ക്ക് 12.55ന് ശൂന്യവേള നടക്കുമ്പോൾ ലോക്സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദർശക ഗാലറിയിലെ മുൻനിരയിൽ ഇരുന്ന സാഗർ ശർമ്മയും ഡി. മനോരഞ്ജനും മൂന്നാൾ ഉയരത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു.
ഇവർ ഡെസ്‌കിനു മുകളിലൂടെ മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി. ഷൂസിൽ ഒളിപ്പിച്ച പുക സ്‌പ്രേ ക്യാനെടത്തു പ്രയോഗിച്ചു. സാഗർ ശർമ്മയെ ആർഎൽപി എംപി ഹനുമാൻ ബേനിവാളും കോൺഗ്രസിലെ ഗുർജിത് സിംഗ് ഓജ്ലയും ചേർന്ന് കിഴടക്കി. പിന്നാലെ മനോരഞ്ജനും പിടിയിലായി. സഭയിൽ മഞ്ഞപ്പുക പടലം വ്യാപിച്ചു. വിഷവാതകമാണെന്ന് ഭയന്ന് എംപിമാർ പുറത്തേക്ക് പാഞ്ഞു.2001ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം ഏർപ്പെടുത്തിയ നാലു തല സുരക്ഷാ സന്നാഹങ്ങൾ മറികടന്നാണ് ഷൂവിനുള്ളിൽ ഒളിപ്പിച്ച വാതക ഷെല്ലുമായി രണ്ടുപേർ അകന്നു കടന്നത്. മെറ്റൽഡിറ്റക്ടർ പരിശോധനയിൽ അതു കണ്ടെത്താതിരുന്നത് വീഴ്ചയായി.ഗാലറിയിൽ സന്ദർശകർക്കൊപ്പം ഇരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും രണ്ടുപേർ താഴോട്ട് ചാടിയത് തടയാനായില്ല. സന്ദർശക ഗാലറിയിൽ ചില്ലു ഘടിപ്പിക്കാൻ തീരുമാനിച്ചു. സംഭവം നടന്നതിന് ശേഷം 2 മണിവരെ പിരിഞ്ഞ സഭ പിന്നീട് ചേർന്ന് അക്രമണത്തെ അപലപിച്ചു. അക്രമികളെ നേരിട്ട എംപിമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്പീക്കർ പ്രശംസിച്ചു.