KERALA
ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പോലീസിനും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ പരിഹസിച്ചായിരുന്നു സതീശന്റെ പ്രതികരണം. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് വി ഡി സതീശനെ കന്‍റോണ്‍മെന്‍റ് പൊലീസ് ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. വി ഡി സതീശന് പുറമേ ഷാഫി പറമ്പിൽ, എം വിൻസിൻ്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്ക് തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്നായിരുന്നു പരിഹാസ രൂപേണ പിണറായി വിജയൻ നൽകിയ മറുപടി. ഈ പ്രസ്താവനക്കുള്ള മറുപടി കൂടിയാണ് വി ഡി സതീശൻ ഫെയിസ്ബുക്കിലൂടെ നൽകിയത്.