KERALA
കെ. ബാബുവിന് തിരിച്ചടി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള വിജയം ചോദ്യംചെയ്തുള്ള കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള കെ. ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി അനുമതി. എം.സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ബാബു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് ബാബു വോട്ട് തേടി എന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. സുപ്രീം കോടതി വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയതയോടെ കേസില്‍ ഹൈക്കോടതി നടപടികള്‍ ഉടന്‍ പുനരാംഭിക്കും.
ഫെബ്രുവരി 19-ന് കേസ് ഹൈക്കോടതി പരിഗണിക്കും. കേസില്‍ എം. സ്വരാജിന്റെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കെ.ബാബുവിന്റെ രണ്ടു സാക്ഷികളുടെ വിസ്താരമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതില്‍ ഒരാളെ വിസ്തരിക്കാന്‍ സാധ്യത ഇല്ല. വൈകാതെ കേസില്‍ വിചാരണ പൂര്‍ത്തിയാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.