Crime
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെന്‍ഡ് ചെയ്തു്

വയനാട്∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‍പെൻഷൻ.
പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം.