Education
കൂട്ട പരാതി ,കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സ്വാഗതം ചെയ്ത് കെ.എസ്.യു

കൂട്ട പരാതി ,കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സ്വാഗതം ചെയ്ത് കെ.എസ്.യു
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും വിസി മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. മത്സര ഫലത്തെക്കുറിച്ചു വ്യാപക പരാതി ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണു വിസി നിര്‍ദേശം നല്‍കിയത്. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും.
കലോത്സവം ആരംഭിച്ച ദിവസം മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു പണം വാങ്ങിയെന്ന് ആരോപിച്ച് 3 വിധികര്‍ത്താക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ, തങ്ങളെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് കെഎസ് യുക്കാര്‍ ഇന്നലെ മത്സരവേദിയില്‍ പ്രതിഷേധിച്ചിരുന്നു.
ഒപ്പന മത്സരത്തില്‍ വിധി നിര്‍ണയിച്ചതു ശരിയല്ലെന്ന് ആരോപിച്ചാണു വിദ്യാര്‍ഥികള്‍ ഇന്നു പ്രതിഷേധിച്ചത്. അപ്പീല്‍ പോലും പരിഗണിച്ചില്ലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. തിരുവാതിര, മാര്‍ഗം കളി മത്സരത്തിനെതിരെയും പരാതി ഉയര്‍ന്നു. മത്സരത്തിന്റെ വിഡിയോ കണ്ട് തീരുമാനമെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്ന് സമാപന സമ്മേളനം നടക്കേണ്ടതായിരുന്നു. കലോത്സവത്തിലെ മത്സരങ്ങള്‍ കാണാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചിരുന്നു. വേദിക്കു സമീപത്തായിരുന്നു മര്‍ദനം. ലോ കോളജിലെ യൂണിറ്റ് സെക്രട്ടറി നിതിന്‍ തമ്പി, റൂബിന്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കണ്ടാലറിയാവുന്ന 10 പേര്‍ ഉള്‍പ്പെടെ 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ചു കെഎസ്‌യു പ്രവര്‍ത്തകര്‍ കലോത്സവ വേദിയില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച 19 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. കെഎസ്‌യു യൂണിയന്‍ ഭരിക്കുന്ന കോളജുകളിലെ പ്രവര്‍ത്തകരെ ആദ്യദിനം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ചു മര്‍ദിക്കുന്നതായി കെഎസ്‌യു ആരോപിച്ചിരുന്നു.
വിധികര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് മാര്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു കലോത്സവം നിർത്തി വെക്കാനുള്ള തീരുമാനം കെ.എസ്.യു സ്വാഗതം ചെയ്തു.