Connect with us

KERALA

ഇ.പി. ജയരാജൻ ആവശ്യപ്പെട്ടതു പ്രകാരം പത്മജാ വേണുഗോപാലിനെ എൽ.ഡി.എഫിലെത്തിക്കാൻ ചർച്ച നടന്നിരുന്നെന്ന് വെളിപ്പെടുത്തൽ.

Published

on

കൊച്ചി: കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെ എൽ.ഡി.എഫിലെത്തിക്കാൻ ചർച്ച നടന്നിരുന്നെന്ന് വെളിപ്പെടുത്തൽ. ദല്ലാൾ ടി.ജി. നന്ദകുമാർ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ചർച്ച. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു ചർച്ചയെന്നും നന്ദകുമാർ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ കോൺ​ഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയപ്പോൾ പത്മജ മാത്രം വിട്ടുനിന്നിരുന്നതായി നന്ദകുമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിച്ചപ്പോൾ അവർ നിരാശയിലാണെന്നായിരുന്നു മറുപടി. തുടർന്ന്, വിഷയം തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ഇ.പി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം അവരെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ടു.

ഈ സമയം  പത്മജ ദുബായിലായിരുന്നു. നേരിട്ടാണ് അവരെ ഫോണിൽ വിളിച്ച് സംസാരിച്ചത്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ചർച്ച. എന്നാൽ, പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക വേണമെന്ന ആവശ്യത്തിലാണ് അവർ എൽ.ഡി.എഫിന്റെ ഭാ​ഗമാകാതെ പോയത്. അവർ സൂപ്പർ പദവികൾ ആവശ്യപ്പെട്ടതിനാലാണ് ചർച്ച മുന്നോട്ട് പോകാതിരുന്നത്. മുഖ്യമന്ത്രിയുമായി ഇ.പി സംസാരിച്ചതിന് പിന്നാലെ പത്മജയുമായി വീണ്ടും സംസാരിച്ചു. അവർ താത്പര്യത്തോടെയാണ് പ്രതികരിച്ചത്. പത്മജ ദുബായിൽ നിന്നും കൊച്ചിയിലെത്തി. എന്നാൽ, അവർ സൂപ്പർ പരി​ഗണന ആവശ്യപ്പെട്ടതിനാൽ ചർച്ച മുന്നോട്ട് പോയില്ലെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നതായി പത്മജാ വേണു​ഗോപാൽ കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് ഇതിന് മുൻകൈ എടുത്തതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

Continue Reading