NATIONAL
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക് ഡൗൺ ഏർപ്പെടുത്താൻ അധികാരമില്ല

ന്യൂഡൽഹി :കോവിഡ് 19 വ്യാപനം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നുളള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.
എന്നാൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ‘സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കർഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേർപ്പെടുത്താം.’ എന്നാൽ ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിർദേശമുണ്ട്.
ഡിസംബർ ഒന്നുമുതലായിരിക്കും പുതിയ മാർഗ നിർദേശങ്ങൾ നിലവിൽ വരുന്നത്. ഡിസംബർ 31 വരെയായിരിക്കും പ്രാബല്യം. ഓണം, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലും, ശൈത്യകാലം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലുമാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.