Crime
ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി.മുതിർന്ന നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ അന്വേഷണം

ന്യൂഡൽഹി: ആംആദ്മി പാർട്ടി മുതിർന്ന നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ സൗകര്യം ഒരുക്കാൻ പത്ത് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദ്ര ജയിൻ അധികാരത്തിലിരുന്നപ്പോഴാണ് കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. നിലവിൽ കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുകയാണ് അദ്ദേഹം.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്ത് നടന്നുവരുന്നത്. നാളെ ഡൽഹിയിലെ രാം ലീല മൈതാനിയിൽ വച്ച് ഇന്ത്യാ സഖ്യം പ്രതിഷേധ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റാലി ശക്തിപ്രകടനമാക്കാനുളള തീവ്രശ്രമത്തിലാണ് ആംആദ്മി പാർട്ടി. പ്രതിഷേധത്തിൽ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനായി വീടുകയറിയുളള പ്രചാരണമാണ് ആംആദ്മി പാർട്ടി നടത്തിവരുന്നത്. റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് മാദ്ധ്യമങ്ങളോട് പറഞ്ഞു.