KERALA
പ്രസംഗത്തിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീണു.പിന്നാലെ മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു.

കോട്ടയം: ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. തലയോലപ്പറമ്പിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.
ഇതിനു പിന്നാലെ മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു. വേദിക്ക് താഴെ സദസ്സില്‍ സ്ഥാപിച്ചിരുന്ന മൈക് സെറ്റില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായില്ല. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മസാല ബോണ്ട് കേസിലെ അന്വേഷണത്തില്‍ ഇഡിയെ വിമര്‍ശിച്ചു.
റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനില്‍ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രി യെയും കുടുക്കാന്‍ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടും. എന്താണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
ഇതേ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷം മൈക്ക് ഒടിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണെങ്കിലും മുഖ്യമന്ത്രി പ്രകോപിതനായില്ല. 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ് മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നത്.”