KERALA
ജാവ്‌ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ തന്നെ കാണാന്‍വന്നത് ഫ്‌ളാറ്റിന് മുന്നിലൂടെ പോയപ്പോള്‍ പരിചയപ്പെടാന്‍ മാത്രമാണെന്ന ഇ.പി. ജയരാജന്റെ വാദത്തെ പരിഹസിച്ച് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍. ജാവ്‌ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോയെന്ന് സുധാകരന്‍ ചോദിച്ചു
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനത്തോളം എത്തിയിരുന്നെന്നും പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍നിന്നുണ്ടായ ഭീഷണിമൂലം പിന്മാറുകയായിരുന്നുവെന്നും കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പ്രകാശ് ജാവ്‌ദേക്കര്‍ തന്നെ കാണാന്‍ വന്നിരുന്നതായി ജയരാജൻ ഇന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രകാശ് ജാവ്‌ദേക്കര്‍ വെറുതെ ജയരാജനെ കാണാന്‍ വന്നതല്ലെന്നും അതിന് ശേഷം കച്ചവടം നടന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ശത്രുതയാണ് പാര്‍ട്ടി വിടാനുള്ള ശ്രമത്തിലേക്കും മറ്റും എത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു
മായ്ച്ചുകളയാന്‍ സാധിക്കാത്ത ഒരു പ്രതികാരം ഇ.പി.ജയരാജന്റെ മനസ്സിലുണ്ട്. ബിജെപിയിലേക്ക് അദ്ദേഹം പോകാന്‍ നോക്കിയെന്ന തന്റെ ആരോപണം അദ്ദേഹംതന്നെ ഇപ്പോള്‍ പാതി സമ്മതിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.’പ്രകാശ് ജാവ്‌ദേക്കര്‍ ചായകുടിച്ചിട്ട് പോയെന്നാണ് പറഞ്ഞത്. ചായ കുടിക്കാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ. ഒരു ബന്ധവും ഇല്ലാത്ത ആളുടെ വീട്ടില്‍ ആരെങ്കിലും പോയി ചായ കുടിക്കുമോ? ജയരാജനെ ഒതുക്കാൻ പാര്‍ട്ടിക്കുള്ളില്‍ ഒരു നീക്കമുണ്ടായി. അതിന്റെ ഭാഗമാണോ കുറച്ചുകാലമായുള്ള അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കല്ലെന്ന് സംശയമെന്നും സുധാകരന്‍ പറഞ്ഞു