Crime
നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനിൽക്കെയാണു എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ രണ്ട് വിവാഹങ്ങൾ അല്ലാതെ രാഹുൽ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഹുൽ പി.ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസ് പന്തീരാ കാവിൽ നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഇപ്പോൾ വിവാഹിതയായ പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.