Connect with us

NATIONAL

യെച്ചൂരിയുടേയും ദേവരാജൻ്റെയും പ്രസംഗത്തില്‍നിന്ന് വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം എന്നീ വാക്കുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് ദൂരദര്‍ശനും ആകാശവാണിയും

Published

on

ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവരാജൻ്റെയും പ്രസംഗത്തില്‍നിന്ന് ഏതാനും വാക്കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ദൂരദര്‍ശനും ആകാശവാണിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ അനുവദിച്ച സമയത്തിലെ പ്രംസഗത്തിലെ ഏതാനും പദങ്ങള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം എന്നീ വാക്കുകള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്.

സീതാറാം യെച്ചൂരിയുടെ പ്രസംഗത്തില്‍നിന്ന് രണ്ടുവാക്കുകള്‍ നീക്കംചെയ്യുകയും ഭരണത്തിന്റെ പാപ്പരത്തം എന്ന പ്രയോഗത്തില്‍ വീഴ്ചയെന്ന് മാറ്റാനുമാവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ എന്ന വാക്ക് നീക്കണമെന്നാണ് ദേവരാജനോട് ആവശ്യപ്പെട്ടത്. യെച്ചൂരിയുടെ പ്രസംഗം ഡല്‍ഹിയിലും ദേവരാജന്റേത് കൊല്‍ക്കത്തയിലുമായിരുന്നു റെക്കോര്‍ഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പ്രസംഗം പ്രക്ഷേപണംചെയ്യേണ്ടിയിരുന്നത്.
തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും തന്നോട് ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാൽ ഇക്കാര്യത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രസാര്‍ഭാരതി പ്രതികരിച്ചു. ദൂരദര്‍ശനും ആകാശവാണിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങളാണ് അനുസരിക്കുന്നതെന്നും മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളുടെ പ്രസംഗത്തില്‍ തിരുത്ത് വരുത്താറുണ്ടെന്നും പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മറ്റ് രാജ്യങ്ങളേയും സമുദായങ്ങളേയും വിഭാഗങ്ങളേയും വിമര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേങ്ങളിലുള്ളത്. കലാപത്തിന് ആഹ്വാനംചെയ്യുന്നതും കോടതി അലക്ഷ്യമാവുന്നതുമായ പ്രസ്താവനകള്‍ ഒഴിവാക്കണം. പേരെടുത്തുള്ള വിമര്‍ശനം, രാജ്യത്തിന്റെ ഐക്യത്തേയും പരമാധികാരത്തേയും ഉദ്ഗ്രഥനത്തേയും ചോദ്യംചെയ്യുന്നതുമായ പ്രസ്താവനകള്‍, അശ്ലീലവും അപകീര്‍ത്തികരവുമായി പരാമര്‍ശങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏപ്രിലില്‍ ഇറക്കിയ ഉത്തരവ് പ്രകാരം ആറ് ദേശീയ പാര്‍ട്ടികള്‍ക്കും 59 സംസ്ഥാന പാര്‍ട്ടികള്‍ക്കുമാണ് ദൂരദര്‍ശന്‍ വഴി പ്രചാരണത്തിന് അനുമതിയുള്ളത്.

വിവാദമായ പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിലെ മുസ്ലിം എന്ന പദമാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജി. ദേവരാജന്‍ പറഞ്ഞു. താന്‍ വിനിമയം ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ പൂര്‍ണതയ്ക്കായി മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ഹിന്ദി പ്രസംഗത്തില്‍ തിരുത്തല്‍ ഒന്നുമുണ്ടായില്ലെന്നും അതിന്റെ നേര്‍ പരിഭാഷയായ ഇംഗ്ലീഷ് പ്രഭാഷണത്തിലാണ് പ്രസാര്‍ഭാരതി ഇടപെട്ടതെന്നും ഇത് ആശ്ചര്യകരമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Continue Reading