KERALA
സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് സി പി എം.ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് സി പി എമ്മെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. സി പി എം നേതൃത്വത്തിന്റെ നിർദേശാനുസരണം മാദ്ധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
സമകാലിക മലയാളത്തിലെഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചത്. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്ന് തിരിച്ചുചോദിച്ചു. മുകളിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോൾ എന്ന് മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യമെന്നും ലേഖനത്തിൽ പറയുന്നു.
തുടർന്ന് ഉമ്മൻചാണ്ടിയെ വിളിച്ചു. ഒത്തുതീർപ്പ് ഫോർമുല യു ഡി എഫ് അംഗീകരിക്കുകയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിക്കുകയും ചെയ്തു. എൻ കെ പ്രമേചന്ദ്രനാണ് ഇടതുപ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്തത്. കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. തുടർന്ന് ധാരണാപ്രകാരമാണ് ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ചത്.പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം എന്നാൽ തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കോ സമരത്തിനെത്തിയ പ്രവർത്തകർക്കോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നെന്ന് ജോൺ മുണ്ടക്കയം ലേഖനത്തിൽ പറയുന്നു.
അതേസമയം, ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അറിയില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം
സോളാർ സമരത്തിൽ ഒത്തുതീർപ്പിന് സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പ്രതികരിച്ചു. എന്നാൽ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായപ്പോൾ അതിനെ പോസിറ്റീവായി എടുത്തെന്നും തലസ്ഥാനത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.