NATIONAL
കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ അധീർ രഞ്ജൻ ചൗധരിക്ക് അധികാരമില്ലെന്ന് ഖർഗെ.

മുംബൈ : കോൺഗ്രസിലെ തീരുമാനങ്ങളെടുക്കാൻ അധീർ രഞ്ജൻ ചൗധരിക്ക് യാതൊരു അധികാരവുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അത് എല്ലാവരും അനുസരിക്കണം,
ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും ഖർഗെ കൂട്ടിച്ചേർത്തു .
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയിലേക്ക് പോയേക്കുമെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖർഗെ.
മമത ബാനർജി ഇന്ത്യ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരുണ്ടാക്കാനായാൽ അതിൽ പങ്കാളിയാകുമെന്നും അവർ പറഞ്ഞിട്ടുണ്ട്. അവർ ഇന്ത്യാ സഖ്യത്തിനൊപ്പമാണ് എന്നതുതന്നെയാണ് അതിനർഥം. ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാൻ അധീർ രഞ്ജൻ ചൗധരി പാർട്ടിയുടെ ആരുമല്ലെന്നും ഖർഗെ വ്യക്തമാക്കി.