Uncategorized
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിആരുംജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായില്ല
നേരത്തെ, തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. ഇതിന് പിന്നാലെ അവശിഷ്ടങ്ങൾ കണ്ടെത്തിയ റിപ്പോർട്ടുകൾ കൂടെ പുറത്തുവന്നതോടെ ആശങ്കയിലാണ് ഇറാൻ ജനത. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കുന്നുണ്ട്.അതേസമയം, ഇത്തരം റിപ്പോർട്ടുകളൊന്നും ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മാത്രമാണ് ഇതുവരെ ഇറാൻ പുറംലോകത്തെ അറിയിച്ചിട്ടുള്ളത്.
ഈസ്റ്റ് അസർബെയ്‌ജാൻ മേഖലയിൽ ജോൾഫ എന്ന പ്രദേശത്തുവച്ചാണ് ഇറാൻ പ്രസിഡന്റ് റൈസിയെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്‌ദുള്ളാഹാനെയും അടക്കം കാണാതായത്.പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ അദ്ദേഹമടക്കം ഒൻപതുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് ഉദ്യോഗസ്ഥർ, ഒരു ഇമാം, വിമാന ജീവനക്കാരും പ്രസിഡന്റിന്റെ സുരക്ഷാ ജീവനക്കാരുമാണ് യാത്ര ചെയ്‌തിരുന്നത്. ഇവരിലാരെക്കുറിച്ചും സൂചനയില്ല.അപകടസ്ഥലത്തു നിന്നുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് പേര് വെളിപ്പെടുത്താത്ത ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആശങ്കയിൽ ഇറാനിലെമ്പാടും പ്രാർത്ഥനകൾ തുടങ്ങി. ഇറാൻ ടെലിവിഷൻ മറ്റെല്ലാ പരിപാടികളും നിർത്തി വച്ച് പ്രാർത്ഥനയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. അപകട സ്ഥലത്തേക്ക് രക്ഷാ വാഹനങ്ങൾ കനത്ത മൂടൽ മഞ്ഞിൽ പോകുന്നതിന്റെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. കനത്ത മഴയും കാറ്റും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസമാണ്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
സംഘത്തിലെ മറ്റ് രണ്ട് ഹെലികോപ്‌റ്ററുകൾ സുരക്ഷിതമായി നിലത്തിറക്കിയെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വഹീദി ദേശീയ ടെലിവിഷനോട് പറഞ്ഞു. ഇറാൻ അസർബൈജാൻ അതിർത്തിയിൽ ഖോദ അഫ്രിൻ മേഖലയിൽ സംയുക്തമായി നിർമ്മിച്ച ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു റൈസി. അസർബൈജാൻ പ്രസിഡന്റ് ഇൽഹം ആലിയേവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇറാന്റെ കോപ്‌റ്ററുകളും സൈനിക വിമാനങ്ങളും കൂടുതലും പഴഞ്ചനാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഇവയുടെ സ്‌പെയർ പാർട്ടുകൾ ഇപ്പോൾ ലഭ്യമല്ല. പാശ്ചാത്യ ഉപരോധം കാരണം ആധുനികവൽക്കരണവും ഇഴയുകയാണ്. പ്രസിഡന്റിന്റെ കോപ്‌റ്ററിനും കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്.