Connect with us

Uncategorized

പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടുപേർക്ക് തടവുശിക്ഷ.

Published

on

കണ്ണൂർ : പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടുപേർക്ക് തടവുശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ് (35), അന്നൂരിലെ ടി.സി.വി.നന്ദകുമാർ (35) എന്നിവർക്കെതിരേയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം  കോടതി കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ വെള്ളൂർ ആറാംവയലിലെ എ.മിഥുൻ (36), ആലിൻകീഴിൽ കുനിയേരിയിലെ കെ.വി.കൃപേഷ് (38) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.

2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്.

എന്നാൽ ശിക്ഷാവിധി ഒന്നാം പ്രതി നിഷാദിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഈ സ്ഥാനാർത്ഥി വിജയിച്ച് കഴിഞ്ഞാൽ അത് നിയമ പ്രശ്നം ഉടലെടുക്കും. ഇവിടെ മത്സരിക്കുന്ന എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസുകാരൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം

നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്. ഇത്തവണ മൊട്ടമ്മൽ വാർഡിൽനിന്നാണ് മത്സരിക്കുന്നത്. പത്രിക നല്കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമില്ല. ഇവിടെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിട്ടില്ല. നിഷാദിന് മത്സരിക്കാൻ തടസ്സമുണ്ടായാൽ സ്ഥാനാർഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

Continue Reading