Uncategorized
മലബാർ കാൻസർ സെന്ററിന് ഇരട്ടഅന്താരാഷ്ട്ര അംഗീകാര തിളക്കം:സ്റ്റാഫ് നഴ്സ് അഞ്ജനയ്ക്ക് ആഗോള ഫെല്ലോഷിപ്പുകളുംഡോ. ഹൃദ്യ ഹരീന്ദ്രന് അന്താരാഷ്ട്ര ചിത്രരചനാ പുരസ്കാരവും
തലശ്ശേരി : അർബുദ ഗവേഷണ-ചികിത്സാ കേന്ദ്രമായ തലശ്ശേരി മലബാർ കാൻസർ സെന്റർ (പി ജി ഐ ഒ എസ് ആർ ) ന് അന്താരാഷ്ട്ര തലത്തിൽ ചരിത്രപരമായ ഇരട്ട നേട്ടം. സ്ഥാപനത്തിലെ സ്റ്റാഫ് നഴ്സായ അഞ്ജന ജി.എൻ.ലോകത്തിലെ ഏറ്റവും പ്രമുഖ അർബുദ ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന രണ്ട് അന്താരാഷ്ട്ര നഴ്സിംഗ് ഫെല്ലോഷിപ്പുകൾക്ക് അർഹയായി. കൂടാതെ, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓക്കുലാർ ഓങ്കോളജി (ISOO) സംഘടിപ്പിച്ച രാജ്യാന്തര ചിത്രരചനാ മത്സരത്തിൽ ഡോ.ഹൃദ്യ ഹരീന്ദ്രൻ ആഗോള പുരസ്കാരവും കരസ്ഥമാക്കി. ഈ രണ്ട് വ്യത്യസ്ത നേട്ടങ്ങളിലും ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധികളാണ് ഇവർ രണ്ടു പേരും എന്ന പ്രത്യേകതയുണ്ട്.
സ്റ്റാഫ് നഴ്സ് അഞ്ജന ജി.എൻ.-ന് രണ്ട് അന്താരാഷ്ട്ര ഫെല്ലോഷിപ്പുകൾ
മലബാർ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സായ വി.അഞ്ജന ജി.എൻ.-ന് ഒരേസമയം രണ്ട് ആഗോള നഴ്സിംഗ് ഫെല്ലോഷിപ്പുകൾ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യയുടെ ഏക പ്രതിനിധിയായി തിളങ്ങാൻ സാധിച്ചു.
സിയോപ്പ് (SIOP) നഴ്സിംഗ് സയൻസ് ഫെല്ലോഷിപ്പ് അവാർഡ്
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പീഡിയാട്രിക് ഓങ്കോളജി (SIOP) നൽകുന്ന ഈ പ്രശസ്തമായ ഫെല്ലോഷിപ്പിന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് ആകെ 4 പേരെ മാത്രമാണ് തിരഞ്ഞെടുത്തത് (ഇന്ത്യ, ബ്രസീൽ, ഉഗാണ്ട, മലാവി).
• ഗവേഷണ ഫണ്ട്:സനോഫി ഫൗണ്ടേഷന്റെ (Sanofi Foundation) “മൈ ചൈൽഡ് മാറ്റേഴ്സ്” പദ്ധതിയുടെ പിന്തുണയോടെയുള്ള ഈ മൂന്ന് വർഷത്തെ ഫെല്ലോഷിപ്പിനൊപ്പം 15,000 യൂറോ (ഏകദേശം 16.7 ലക്ഷം രൂപ) ഗവേഷണ ഫണ്ടായും അഞ്ജനയ്ക്ക് ലഭിക്കും.
• ആഗോള കോൺഗ്രസുകൾ:ഫെല്ലോഷിപ്പിന്റെ ഭാഗമായി അമേരിക്ക, ഓസ്‌ട്രേലിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നടക്കുന്ന ആഗോള സിയോപ്പ് കോൺഗ്രസുകളിൽ പങ്കെടുക്കാൻ പൂർണ്ണ സ്പോൺസർഷിപ്പോടെ അഞ്ജനയ്ക്ക് അവസരം ലഭിക്കും.
• ഗവേഷണ വിഷയം:കുട്ടികളിലെ കാൻസർ രോഗികളിൽ ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നഴ്സുമാരുടെ സന്നദ്ധതയും അറിവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതിയെക്കുറിച്ചാണ് (Simulation-Based Emergency Preparedness Training) അഞ്ജനയുടെ ഗവേഷണം.

- സെന്റ് ജൂഡ് ഇന്റർനാഷണൽ ഇ.ബി.പി. (EBP) നഴ്സിംഗ് ഫെല്ലോഷിപ്പ് (USA)
ലോകത്തിലെ ഏറ്റവും മികച്ച പീഡിയാട്രിക് ക്യാൻസർ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ അമേരിക്കയിലെ ടെന്നസിയിലുള്ള സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിന്റെ (St. Jude Children’s Research Hospital) 1.5 വർഷത്തെ അന്താരാഷ്ട്ര ഫെല്ലോഷിപ്പിനും അഞ്ജന അർഹയായിട്ടുണ്ട്.
• 2025-ലെ ബാച്ചിലേക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് നഴ്സുമാരിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് അഞ്ജന.
• പൂർണ്ണമായും സൗജന്യമായ രണ്ട് അമേരിക്കൻ സന്ദർശനങ്ങൾ ഈ ഫെല്ലോഷിപ്പിന്റെ ഭാഗമാണ്. ഇതിൽ ആദ്യ സന്ദർശനം 2025 ഓഗസ്റ്റിൽ വിജയകരമായി പൂർത്തിയാക്കി, രണ്ടാമത്തെ സന്ദർശനം 2026 ഓഗസ്റ്റിൽ നടക്കും.
ഇതിനുപുറമേ, സെന്റ് ജൂഡ് ഹോസ്പിറ്റൽ നടത്തുന്ന ഒരു വർഷത്തെ ഓൺലൈൻ നഴ്സിംഗ് കോഴ്സിൽ മലബാർ കാൻസർ സെന്ററിലെ മറ്റ് 30 നഴ്സുമാർക്കൊപ്പം അഞ്ജനയും നിലവിൽ പരിശീലനം നേടുന്നുണ്ട്.
ഡോ. ഹൃദ്യ ഹരീന്ദ്രന് അന്താരാഷ്ട്ര റെറ്റിനോബ്ലാസ്റ്റോമ ബോധവൽക്കരണ പുരസ്കാരം
എം.സി.സി (പി ജി ഐ ഒ എസ് ആർ)യുടെ കീർത്തി വാനോളമുയർത്തിക്കൊണ്ട്, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഓക്കുലാർ ഓങ്കോളജി (ISOO) സംഘടിപ്പിച്ച 2026-ലെ “സീ ദ സൈൻ ഏർലി” (See the Sign Early) മത്സരത്തിൽ ഇന്ത്യയിൽ നിന്നും എം സി സി(പി ജി ഐ ഒ എസ് ആർ) നിന്നും ഒക്യൂലർ ഓൺകോളജിസ്റ്റായ ഡോ.ഹൃദ്യ ഹരീന്ദ്രൻ “സ്റ്റിൽ ക്രിയേറ്റീവ്” (Still Creative) വിഭാഗത്തിൽ ആഗോള വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.
• അവാർഡ് നേടിയ ചിത്രം:കുട്ടികളിലെ കണ്ണ് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഡോ.ഹൃദ്യയുടെ”BE(A)WARE: Find the Glow Before They Grow”എന്ന ചിത്രം. ‘പ്രൊക്രിയേറ്റ്’ (Procreate) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൈകൊണ്ട് വരച്ച ഈ ഡിജിറ്റൽ ചിത്രം, വളരെ മാനുഷികമായ ഒരു സന്ദേശത്തെ അങ്ങേയറ്റം ഹൃദ്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നു.
• ആഗോള ബഹുമതികൾ:ഈ വിജയത്തോടെ ഡോ.ഹൃദ്യയ്ക്ക് ISOO അംഗത്വത്തിലേക്കോ ഭാവിയിലെ കോൺഗ്രസിലേക്കോ ഉള്ള 150 യുഎസ് ഡോളറിന്റെ ക്രെഡിറ്റ്, പ്രത്യേക അംഗീകാര പത്രം, കൂടാതെ”ISOO അവയർനസ് ചാമ്പ്യൻ” (ISOO Awareness Champion)പദവിയും ലഭിക്കും.
• ആഗോള കാമ്പെയ്‌ൻ:അവരുടെ ഈ സൃഷ്ടി ISOO-യുടെ ആഗോള വാർത്താപത്രികയിലും സോഷ്യൽ മീഡിയ ചാനലുകളിലും ഫീച്ചർ ചെയ്യും. അതോടൊപ്പം, ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്ക് രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ISOO ഗ്ലോബൽ ആർബി (റെറ്റിനോബ്ലാസ്റ്റോമ) ബോധവൽക്കരണ കാമ്പെയ്‌ൻ കിറ്റിലും” ഈ ചിത്രം ഉൾപ്പെടുത്തും.
“ഡോ. ഹൃദ്യ ഹരീന്ദ്രന് അഭിനന്ദനങ്ങൾ,” ISOO അവരുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ അറിയിച്ചു.
