Connect with us

Uncategorized

ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾകാണാതായ അമ്മയുടെയും മകൻ്റെയുമെന്ന് സംശയം

Published

on

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു. ഇരുവരെയും ഇവിടെ കൊന്നുകുഴിച്ചുമൂടിയതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

മൃതദേഹങ്ങൾ പൂർണമായും അഴുകിയ നിലയിലാണ്. ഈ മാസം രണ്ടാംതീയതി മുതലാണ് മേരിക്കുട്ടിയേയും റെജിയേയും കാണാതായത്. ഇളയമകനോട് ഇവരെപ്പറ്റി ചോദിക്കുമ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ ഇതേപ്പറ്റി സൂചിപ്പിച്ചതോടെ മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാനില്ല എന്ന് പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഈ വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിലെ നായ്ക്കൂട്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇഞ്ചിക്ക് തടമെടുത്ത് പോലെ മണ്ണ് മാറ്റിയിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഒരു കാലിന്റെ ഭാഗം പുറത്തായത്.

അകത്തേക്ക് കൂടുതൽ ശരീരാവശിഷ്ടങ്ങൾ ഉണ്ടായേക്കാം എന്ന നിഗമനത്തിൽ പോലീസ് താൽകാലികമായി അന്വേഷണം നിർത്തിയിരിക്കുകയാണ്. അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്, ഫോറൻസിക് വിദഗ്ധർ വൈകാതെ സ്ഥലത്തെത്തും. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം മാത്രമേ കൊല്ലപ്പെട്ടത് മേരിക്കുട്ടിയും മകൻ റെജിയും തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

നെടുങ്കണ്ടത്തുനിന്നും പീരുമേട്ടിൽനിന്നും കൂടുതൽ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ഇളയമകൻ സ്ഥലത്തില്ല എന്നാണ് വിവരം. ഇയാൾക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാട്ടിൽ ആരുമായും അധികം അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മക്കൾ രണ്ടുപേരും അവിവാഹിതരാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഇവരുടെ അച്ഛനെയും സമാനമായ സാഹചര്യത്തിൽ കാണാതായിരുന്നു. അതും ഇത്തരത്തിൽ കൊലപാതകമാണോ എന്ന സംശയമാണ് ഇപ്പോഴ ഉയരുന്നത്. 

Continue Reading