Uncategorized
വീണ ജോർജിന് എതിരെആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: കെഎസ്. യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ താൻ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സഭാംഗം കൂടിയായ ഒരു വനിതാ മന്ത്രി അവശയായി പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ അവരെ അവഗണിച്ച് വന്ദേ ഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തിൽ എന്തുകൊണ്ടാണ് കെഎസ്യു പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത് എന്ന് സ്പീക്കർ ചോദിച്ചു. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാൽ അതിന്റെ ഭാഗമായി ജയിലിൽ കിടക്കേണ്ടിയും വരും. ജയിലിൽ കിടത്തുന്നത് എന്തോ അപരാധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ ഓർമ്മിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അവർക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുടെ ഇടപെടലിനെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
