KERALA
മുതിർന്ന മാധ്യമ പ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ പ്രസിഡണ്ടുമായിരുന്ന കെ.കെ മുഹമ്മദ് അന്തരിച്ചു
തലശ്ശേരി :മുതിർന്ന മാധ്യമ പ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡണ്ടും വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ കെ.കെ മുഹമ്മദ് (90) അന്തരിച്ചു.
കബറടക്കം വൈകിട്ട് 5 മണിക്ക് പെരിങ്ങത്തൂർ പള്ളി കബർസ്ഥാനിൽ നടക്കും
സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ കെ. സൈനുല്‍ ആബിദീന്‍ ഭാര്യാ സഹോദരനാണ്
ചന്ദ്രിക മുൻ റസിഡണ്ട് എഡിറ്ററും ലീഗ് ടൈംസ് മുൻ പത്രാധിപരുമായിരുന്നു. ബാഫഖി തങ്ങളുടെ വിശ്വസ്തനും ശിഷ്യനുമായിരുന്നു
1936 ജൂൺ 20-ന് മാഹി പെരിങ്ങാടിയിൽ രയരോത്ത് അബ്‌ദുവിന്റെയും നാലുകണ്ടി ആശാരിൻറ വിടെ ബീവിയുടെയും മകനായാണ് ജനനം. ന്യൂ മാഹി മയ്യലവിയ്യ മദ്രസ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും മടപ്പള്ളി കോളജിൽ നിന്ന് ബി.എസ്.സി ബിരുദവും നേടി. വിദ്യാർത്ഥിയായിരിക്കെ തന്നെ എം.എസ്.എഫ് വഴി രാഷ്ട്രീയത്തിലെത്തി. മടപ്പള്ളി കോളജ് എം.എസ്.എഫ് സെക്രട്ടറിയായും പെരിങ്ങാടിയിലെ മുസ്‌ലിം ലീഗ് പ്രവർത്തകനായും തുടക്കം കുറിച്ചു. അക്കാലത്തുതന്നെ ചന്ദ്രികയുടെ മാഹി പ്രാദേശിക ലേഖകനായിരുന്നു.
മാധ്യമ-രാഷ്ട്രീയ ജീവിതം
ബിരുദപഠനത്തിന് ശേഷം സഹോദരീ ഭർത്താവിനൊപ്പം ബിസിനസ് ആവശ്യാർത്ഥം പാലക്കാട്ടെത്തിയ അദ്ദേഹം അവിടെയും പൊതുരംഗത്ത് സജീവമായി. പാലക്കാട് ചന്ദ്രിക ജില്ലാ ലേഖകൻ, പാർട്ടി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് സയ്യിദ് അബ്‌ദു റഹ്‌മാൻ ബാഫഖി തങ്ങളുടെയും സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബിന്റെയും നിർദ്ദേശപ്രകാരം ബിസിനസ് ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് പ്രവർത്തനമേഖല മാറ്റി.
മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ചന്ദ്രിക കോഴിക്കോട് ന്യൂസ് ബ്യൂറൊ ചീഫ് ആയും പ്രവർത്തിച്ചു. ബാഫഖി തങ്ങളുടെ പ്രിയപ്പെട്ട അനുയായിയായിരുന്ന അദ്ദേഹം 1968-ൽ മുസ്‌ലിം യൂത്തുലീഗിന്റെ സംസ്ഥാന നേതൃത്വത്തിലേക്കും പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്കും എത്തി. 1975-ൽ പാർട്ടി പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗിൽ ഉറച്ചുനിൽക്കുകയും പാർട്ടി മുഖപത്രമായ ‘ലീഗ് ടൈംസി’ന്റെ പത്രാധിപരാവുകയും ചെയ്തു.
1984-ൽ ലീഗ് ലയനത്തിന് ശേഷം ചന്ദ്രികയിൽ അസോസിയേറ്റ് എഡിറ്ററായി തിരിച്ചെത്തി. ചന്ദ്രിക എറണാകുളം എഡിഷൻ സ്ഥാപകനായ അദ്ദേഹം അവിടെ റസിഡണ്ട് എഡിറ്ററായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. കലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട്, പത്ര പ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ-സാംസ്‌കാരിക സേവനങ്ങൾ
മാധ്യമപ്രവർത്തനത്തിനൊപ്പം വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
മത്തിപ്പറമ്പ് ഹിദായത്തുൽ അനാം ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് മുസ്‌ലിം ഓർഫനേജ് കോളജസ്, പെരിങ്ങത്തൂർ ദർസ് യതീംഖാന, കണ്ണൂർ അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബ്ൾ ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ മൈനോരറ്റി എഡുക്കേഷനൽ അസോസിയേഷൻ എന്നിവയുടെ പ്രസിഡണ്ടായിരുന്നു.
എൻ.എ.എം ആർട്സ് & സയിൻസ് കോളജ് കല്ലിക്കണ്ടി, പെരിങ്ങത്തൂർ ബി.എഡ് കോളജ്, ടി.ടി.ഐ എന്നിവയുടെ മാനേജർ, എസ്.എം.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപറേറ്റീവ് ഹോസ്‌പിറ്റൽ ഡയരക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സൈനബ ഹജ്ജുമ്മ
മക്കൾ: നിസാർ മുഹമ്മദ് (ഗ്രാമത്തി), ജാഫർഖാൻ മുഹമ്മദ് (ചൊക്ലി), സറീന (വടകര), അബ്‌ദുൽ അസീസ് ( മത്തിപ്പറമ്പ് ), ഫൈസൽ മുഹമ്മദ് (ചെമ്പാട്), ജസീല (പെരിങ്ങാടി), സാജിദ (കതിരൂർ), ഷഫീന (കൈവേലിക്കൽ), സഫൂറ (കൈനാട്ടി, വടകര), സുഫൈറ, സുമയ (കൂരാറ).
മരുമക്കൾ: അസ്‌മ നിസാർ, സീനത്ത് ജാഫർ, മുഹമ്മദ് ശാഫി, നദീറ അസീസ്, റജ്‌ന ഫൈസൽ, നൗഷാദ്, മുഹമ്മദ് റഫീഖ്, ഹാരിസ്, ജാബിർ, ഷാനവാസ്, അബ്‌ദുൽ മജീദ്.
