Education
സിജെപിയുടെ ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലപാട്; മന്ത്രിയുടെ രാജിയിൽ നാളെ തീരുമാനം
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സിജെപി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും വ്യക്തമാക്കി.
മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാടു സ്വീകരിച്ചതായാണ് വിവരം. മന്ത്രിയുടെ രാജി വിഷയത്തിൽ കേന്ദ്രം നാളെ നിലപാട് അറിയിക്കും. മന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് സിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, ഡല്‍ഹിയിലെ ഇന്റർനെറ്റ് നിരോധനം ഇന്ന് അർധരാത്രിവരെ നീട്ടി. രാജ്യവ്യാപകമായി പ്രകടനങ്ങളും സത്യഗ്രഹങ്ങളും നടത്താൻ കോൺഗ്രസ് നേതൃത്വം ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്ത് വീണ്ടും പ്രതിക്ഷേധ പരിപാടികൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചു.
