Uncategorized
പുറത്തുവന്നത് ഞെട്ടിക്കുന്ന ലൈംഗിക വൈകൃതം, രാഹുലിന് ചിലർ സംരക്ഷണമൊരുക്കുന്നു- മുഖ്യമന്ത്രി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നും പ്രതിക്ക് ചിലർ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുത്ത് നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്‍റേത് പൊതുപ്രവർത്തകന് ചേരാത്ത പെരുമാറ്റമാണ്. ഭാവിയിലേക്കുള്ള നിക്ഷേപം എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത്. സംരക്ഷണ വലയത്തിനുള്ളിലായിരുന്നു രാഹുൽ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞു.
“രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഫലപ്രദമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. എന്നാൽ, പോലീസിന്റെ കണ്ണുവെട്ടിച്ച് ചിലർ പ്രതിക്ക് സംരക്ഷണം ഒരുക്കുന്നു. രാഹുൽ പോയ സ്ഥലങ്ങളേപ്പറ്റി ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ബോധപൂർവ്വം സംരക്ഷണമൊരുക്കുന്നതായാണ് സംശയിക്കുന്നത്. ഇനിയെങ്കിലും സംരക്ഷണം ഒരുക്കാതിരിക്കുക. പോലീസ് പ്രതിയെ കണ്ടെത്തും, മുഖ്യമന്ത്രി പറഞ്ഞു.
‘’ഏതെല്ലാം രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവന്ന്. എന്ത് ബീഭത്സമായ കാര്യങ്ങളാണ്. മനുഷ്യ മനസ്സാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്ന വൈകൃതങ്ങളല്ലേ ഉണ്ടായത്. കൃത്യമായ ലൈംഗിക വൈകൃതക്കാരന്റെ നടപടിയല്ലേ ഉണ്ടായത്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. ഇത്തരം പൊതുപ്രവർത്തകനെതിരേ സാധാരണഗതിയിൽ ആരോപണം ഉയരുമ്പോൾത്തന്നെ മാറ്റിനിർത്താനല്ലേ ശ്രമിക്കേണ്ടത്. ആദ്യം വന്ന വാർത്തകളല്ലല്ലോ ഇപ്പോൾ വരുന്നത്. നേരത്തേതന്നെ നേതൃത്വം വിവരങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ, ഇയാളെ ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു നേതൃത്വം ചെയ്തത്. അതൊക്കെ സ്വയം പരിശോധിക്കേണ്ട കാര്യമാണ്. ഏതെങ്കിലും ഒരു പാർട്ടിക്ക് ഇത്തരത്തിൽ സാധിക്കുമോ? മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന പാർട്ടിയല്ലേ കോൺഗ്രസ്”, മുഖ്യമന്ത്രി ചോദിച്ചു.
