KERALA
ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഇ.പി ജയരാജൻ്റെ പരാതി പോലീസ് തള്ളി

ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഇ.പി ജയരാജൻ്റെ പരാതി പോലീസ് തള്ളി
തിരുവനന്തപുരം: ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാജൻ്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കാണ് ഇ.പി പരാതി നൽകിയത്. പരാതി കഴക്കൂട്ടം എസിപിക്ക് കൈമാറുകയായിരുന്നു. കേസെടുക്കാൻ വകുപ്പില്ലെന്നും കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് നിലപാട്. രാഷ്ട്രീയ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ പോലീസിന് കഴിയില്ലെന്നും കോടതി നിർദേശമുണ്ടെങ്കിൽ അന്വേഷണത്തിനു തടസ്സമില്ലെന്നാണ് പൊലീസ് നിലപാട്.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനാണ്, ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയതായി ആരോപിച്ചത്. ബിജെപിയിലേക്കു പോകാൻ ജയരാജൻ ഗൾഫിൽ വച്ചാണ് ചർച്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി.ജയരാജൻ തുറന്നു സമ്മതിച്ചു. ജയരാജന് ജാഗ്രതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇ.പി പരാതി നൽകിയിരുന്നത്. ഈ പരാതിയാണ് കേസെടുക്കാതെ പോലീസ് തള്ളിയത്.