HEALTH
കോവിഡിനെതിരെയുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രത്തിന്റെ ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു പ്രവർത്തിക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വാക്സിൻ സംഭരണത്തിനുള്ള സംവിധാനങ്ങൾ പരിശോധിച്ചുവരികയാണ്. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധപ്രവർത്തകർ, മറ്റ് രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന വയോജനങ്ങൾ എന്നിവർക്കാവും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷൻ സംവിധാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ നെറ്റ്വർക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂർണമായും പ്രയോജനപ്പെടുത്തും.വിജയകരമായ ഒരു വാക്സിൻ ഉടൻ പുറത്തിറക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകർ. ഏറ്റവും സുരക്ഷിതമായ വാക്സിൻ മിതമായ നിരക്കിൽ നൽകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഇത് ലഭ്യമാക്കും എന്നതിനാലാണ് ലോകം ഇന്ത്യയെ നിരന്തരം നിരീക്ഷിക്കുന്നത്. എട്ടോളം വാക്സിനുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളതെന്നും മോദി കൂട്ടിച്ചേർത്തു.