KERALA
ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി. തെറ്റായ പൊലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല. തിരുത്തുമെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.”