KERALA
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിനും വി.ടി. ബൽറാമിനും മുൻതൂക്കംഎ.വി. ഗോപിനാഥിനെ ഇറക്കികളം പിടിക്കാൻ എൽഡിഎഫ്

തിരുവനന്തപുരം: പാലക്കാട്, ചേലക്കര എംഎൽഎമാർ എംപിമാരായതോടെ ഈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആലോചനകൾ സജീവം. വയനാട് രാഹുൽ ഗാന്ധി കൈവിടുകയാണെങ്കിൽ അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. എന്നാൽ, അതിൽ തീരുമാനമാകാത്തതിനാൽ ആലോചന തുടങ്ങിയിട്ടില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാലക്കാട്ട് യുഡിഎഫിനും ചേലക്കരയിൽ എൽഡിഎഫിനുമാണ് ഭൂരിപക്ഷം.
പാലക്കാട്ടെ എംഎൽഎ ഷാഫി പറമ്പിൽ വടകര എംപിയായതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കുന്നതിനെ ഷാഫി അനുകൂലിക്കുന്നു. തൃത്താലയിൽ തോറ്റ വി.ടി. ബൽറാമിനും താത്പര്യമുള്ളതായാണ് സൂചന. ഇക്കാര്യത്തിൽ ഷാഫിയുടെ താല്പര്യം കണക്കിലെടുക്കാനാണ് സാധ്യത.
പാലക്കാട് നഗരസഭ തുടർച്ചയായി ഭരിക്കുന്ന ബിജെപിക്ക് അവിടെ വലിയ സ്വാധീനമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി മെട്രൊമാൻ ഇ. ശ്രീധരനെ കേവലം 3,859 വോട്ടിനാണ് ഷാഫി തോല്പിച്ചത്. ഇത്തവണ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ യുഡിഎഫിന് 9,707 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്താണ്.
നിലവിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. തുടർച്ചയായി പരാജയത്തിന്‍റെ സഹതാപം നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി പ്രതീക്ഷ. ഷാഫിയെ വടകര ജയിപ്പിച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്ന് ധാരണയുണ്ടായിരുന്നതായി സിപിഎം നേരത്തെ ആരോപിച്ചിരുന്നു.
മുൻ എംഎൽഎയും പാലക്കാട് ഡിസിസി മുൻ പ്രസിഡന്‍റുമായ എ.വി. ഗോപിനാഥിനെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. കുറെ നാളായി കോൺഗ്രസുമായി അകന്നുനിൽക്കുന്ന അദ്ദേഹം എൽഡിഎഫുമായി സഹകരിക്കുന്നു.
ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് എംപിയായതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും ചേലക്കര മുൻ എംഎൽഎയുമായ യു.ആർ. പ്രദീപ് സ്ഥാനാർതിയാകാണ് സാധ്യത. കഴിഞ്ഞ തവണ ചേലക്കര എംഎൽഎയായിരുന്ന പ്രദീപിന് ഒരു തവണ മാത്രമേ ലഭിച്ചുള്ളൂ. പിന്നെ രാധാകൃഷ്ണനായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പ്രദീപിനെ മന്ത്രിയാക്കി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ആലത്തൂരിലെ മുൻ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിന്‍റെ പേരും പരിഗണിച്ചേയ്ക്കും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 23,695 വോട്ടിന്‍റെ ലീഡ് രമ്യാ ഹരിദാസിനായിരുന്നു. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു രാധാകൃഷ്ണന്‍റെ വിജയം. എന്നാൽ, ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ് ലീഡ് 5,173 വോട്ട്. രമ്യയെ തന്നെ യുഡിഎഫ് അവിടെ മത്സരിപ്പിച്ചേക്കാനാണ് സാധ്യത. ആലത്തൂരിൽ ഇക്കുറി ഒരുലക്ഷത്തിലേറെ വോട്ട് പിടിച്ച പ്രൊഫ. സരസു ചേലക്കരയിൽ ബിജെപി സ്ഥാനാർഥിയാകുമോ എന്നതും അറിയേണ്ടതുണ്ട്.