Connect with us

International

രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് മോസ്‌കോയില്‍

Published

on

രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് മോസ്‌കോയില്‍

ന്യൂ ഡല്‍ഹി: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മോസ്‌കോയില്‍. 22-ാമത് ഭാരത-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനുമായി ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തും. കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകളും കരാറുകളും ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അജണ്ട വിപുലമാണ്. ഔദ്യോഗിക സന്ദര്‍ശനമാണ്. എന്നാല്‍ ഇരുരാഷ്‌ട്രത്തലവന്മാരും തമ്മില്‍ അനൗപചാരിക സംഭാഷണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സന്ദര്‍ശനം റഷ്യ-ഭാരത ബന്ധത്തിന് വളരെ നിര്‍ണായകമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ ഇരുനേതാക്കളും അവലോകനം ചെയ്യും. പരസ്പര താത്പര്യമുള്ള സമകാലിക പ്രാദേശിക, ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ- ഉക്രെയിന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതം- റഷ്യ വാര്‍ഷിക ഉച്ചകോടി നടക്കുന്നത്. 2021 ഡിസംബറില്‍ ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്‍ ഭാരതത്തിലെത്തിയിരുന്നു.

Continue Reading