Connect with us

KERALA

ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും കുഴല്‍നാടന്‍

Published

on

തിരുവനന്തപുരം: കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു കുഴല്‍നാടന്‍ നിയമസഭയിൽ പറഞ്ഞു.. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശകുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു കുഴല്‍നാടന്‍.

എന്നാല്‍ കുഴൽ നാടൻ പറഞ്ഞ കാര്യങ്ങള്‍ അങ്ങനയല്ലെന്ന് വ്യക്തമാക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞു. വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്‍ക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന് പാടിയിട്ടുള്ള പൂര്‍വ്വികരാണ് നമുക്കുള്ളതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ല. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാല്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ്സുമുതലുള്ള ഇപ്പോഴത്തെ തലമുറ. ഇത് ഭയനാകരമായ അവസ്ഥയാണ്. അത് ചര്‍ച്ചചെയ്യാതിരുന്നിട്ടോ അംഗീകരിക്കാതിരുന്നിട്ടോ കാര്യമില്ല. ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. 6000 രൂപ മുതല്‍ 10,000 രൂപവരെ ശമ്പളത്തിലാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ജോലിചെയ്യുന്നത്. ശരാരശി ഒരു വര്‍ഷം ഓരോ നഗരത്തിലും ചെറുപ്പക്കാര്‍ക്ക് കിട്ടുന്ന ശമ്പള സ്‌കെയില്‍ പരിശോധിക്കുമ്പോള്‍, ബെംഗളൂരുവില്‍ 9.57 ലക്ഷം രൂപ, ഹൈദരാബാദില്‍ 7.23 ലക്ഷം രൂപ, പുണെയില്‍ 7.19 ലക്ഷംരൂപ, മുംബൈയില്‍ 6.4 ലക്ഷം രൂപ, ചെന്നൈയില്‍ 6.18 ലക്ഷം രൂപ, ഡല്‍ഹിയില്‍ 6.11 ലക്ഷം രൂപ, തിരുവനന്തപുരത്ത് 5.72 ലക്ഷം രൂപ, കൊച്ചിയില്‍ 5.05 ലക്ഷം രൂപ എന്നിങ്ങനെയാണ്’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കേരളത്തില്‍ മാത്രം എല്ലായിടത്തേക്കാളും കുറവ് വരാന്‍ കാരണം ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായതാണെന്നും മാത്യു പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എത്തുന്ന വിദേശനിക്ഷേപം വളരെ കുറവാണ്. തൊഴിലില്ലായ്മയില്‍ ജമ്മു കശ്മീരിനേക്കാൾ പിന്നിലാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ചിട്ട് കാര്യമില്ല. വിദ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥമായി ചര്‍ച്ചചെയ്യാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്താംക്ലാസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരെചൊവ്വെ എഴുത്തുംവായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും മാത്യു കുഴല്‍നാടന്‍ പ്രസംഗത്തിനിടെ പറഞ്ഞു.

Continue Reading