Connect with us

NATIONAL

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

Published

on

.

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുമായി ഉടക്കിനിൽക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യോഗിയെ ഉടൻതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന തരത്തിൽ അഭ്യൂഹം പ്രചരിച്ചുതുടങ്ങിയത്. എന്നാൽ ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ മൗര്യ തയ്യാറായില്ല. നദ്ദ അധികം വൈകാതെതന്നെ ഉത്തർപ്രദേശിലെ ബിജെപി അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിച്ചിരുന്ന യുപിയിൽ ബിജെപിയുടെ പ്രകടനം തീരെ ദയനീയമായതോടെയാണ് യോഗിയുടെ എതിരാളികൾ അദ്ദേഹത്തിന്റെ രക്തത്തിനായി മുറവിളികൂട്ടിത്തുട‌ങ്ങിയത്. അയോദ്ധ്യയിൽ പോലും പാർട്ടി തോറ്റതും പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കാര്യമായ തോതിൽ ഇടിഞ്ഞതും യോഗിയുടെ കഴിവുകേടാണെന്ന മട്ടിൽ പ്രചാരണം ശക്തമായി.
ഒരുപടികൂടി കടന്ന് കഴിഞ്ഞദിവസം ബിജെപിയുടെ ഏകദിന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കേശവ് പ്രസാദ് മൗര്യ പ്രസംഗിച്ചത് യോഗിക്കെതിരെ മുള്ളും മുനയും വച്ചായിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. ‘സർക്കാരിനെക്കാൾ വലുതാണ് പാർട്ടി. അതിന്റെ ഘടനയ്ക്കും കേഡർ സ്വഭാവത്തിനും സർക്കാരിനെക്കാൾ പ്രാധാന്യം നൽകും. എല്ലാ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ ബഹുമാനിക്കുകയും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുകയും വേണം. എന്റെ വാതിൽ എപ്പോഴും എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു’. എന്നും മൗര്യ പ്രസംഗത്തിൽ പറഞ്ഞു. സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ പൊതുപ്രശ്നങ്ങൾ അവഗണിച്ചതാണ് പരാജയത്തിന് കാരണമെന്ന് യോഗത്തിൽ മൗര്യ തുറന്നടിച്ചതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
എന്നാൽ അതിരുകടന്ന ആത്മവിശ്വാസമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നായിരുന്നു യോഗി യോഗത്തിൽ വിശദീകരിച്ചത്. പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങളെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാത്തതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും സർക്കാരിനെയും വിമർശിച്ചവർക്കുളള മറുപടി എന്നനിലയിലായിരുന്നു യോഗിയുടെ പ്രസംഗം. തുടർന്ന് പ്രസംഗിച്ച നദ്ദ യോഗിയുടെ മികവുകളെ പ്രശംസിക്കുകയും ചെയ്തു.യോഗിയും മൗര്യയും തമ്മിൽ ഏറെക്കാലമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മന്ത്രിസഭയിലും എംഎൽഎമാർക്കിടയിലും മൗര്യയ്ക്കാണ് സ്വീകാര്യത. സ്വകാര്യ സംഭാഷണങ്ങളിൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം യോഗിയുടെ പ്രവർത്തനശൈലിയിലെ പോരായ്മയാണെന്ന് പലരും പറഞ്ഞ് തുടങ്ങി.

Continue Reading