Crime
ജെ.പി. നഡ്ഡയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി. പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ച ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുന്നത്.
നഡ്ഡയുടെ വാഹനത്തിനു നേരെയുണ്ടായ അക്രമം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ ജെപി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് കാട്ടി ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞിരുന്നു.