KERALA
ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി . അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത് പിന്‍വലിക്കാന്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ നിര്‍ദേശം. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.