Connect with us

KERALA

തിരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്.പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും

Published

on

കൽപ്പറ്റ: .മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ഇന്ന് കാലത്ത്  എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ്  പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും

അതേസമയം, ഉരുൾവെള്ളത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകൾ തിരഞ്ഞ് നിരവധി പേരാണ് ദുരന്തഭൂമിയിലേക്ക് എത്തുന്നത്. ഇക്കാര്യത്തിൽ വിവിധ വകുപ്പുകൾ ഉദ്യോഗസ്ഥതലത്തിൽ യോഗംചേർന്ന് നടപടികളെടുക്കുമെന്നാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഓൺലൈനിൽ കിട്ടുമെന്നതിനാൽ ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളില്ല. ഭൂമിസംബന്ധമായ രേഖകൾ നൽകാൻ റവന്യുവകുപ്പിന്റെ വിശദപരിശോധന വേണ്ടിവരും.

ജീവിച്ചിരിക്കുന്നവർക്ക് ഭൂമി, വീട്, മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം തയ്യാറാക്കും. ഭൂമിനഷ്ടപ്പെട്ടവർക്ക് പത്തുലക്ഷവും വീട് ഇല്ലാതായവർക്ക് അഞ്ചുലക്ഷവുമാണ് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥപ്രകാരം നൽകുക. റേഷൻ കാർഡുകൾ സമയബന്ധിതമായി നൽകും. എങ്ങനെയെന്നതിൽ ഉടൻ തീരുമാനമുണ്ടാകും.

ഉരുൾപൊട്ടൽ ദുരന്തത്തിൽ 210 പേർ മരിച്ചതായാണ് നിലവിലെ സർക്കാർ കണക്ക്. എന്നാൽ, 340-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് അനൗദ്യോ​ഗിക കണക്ക്. നിരവധി പേരെ ഇനി കണ്ടെത്താനുമുണ്ട്. വെള്ളിയാഴ്ച 91 ക്യാമ്പുകളിലായി 9328 പേരാണുള്ളത്. അവശ്യമരുന്നുകളും ഡോക്ടർമാരുടെ സേവനവും എല്ലാ കേന്ദ്രങ്ങളിലുമുണ്ട്.

Continue Reading